ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ആം ആദ്മി പാർട്ടി നേതാക്കളുടേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറിയുടെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം റെയ്‌ഡ്. ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളിലാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം റെയ്‌ഡ് നടത്തുന്നത്. ഡൽഹി ജൽ ബോർഡ് മുൻ അംഗങ്ങളായ ശലഭ് കുമാർ, ആം ആദ്മി പാർട്ടി രാജ്യസഭാ എംപി എൻ ഡി ഗുപ്ത, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാർ തുടങ്ങിയ പ്രധാന എഎപി ഉദ്യോഗസ്ഥരുടെ വസതികളിലാണ് ഇഡി റെയ്‌ഡ് നടക്കുന്നത്.
റെയ്‌ഡുകളെയും ഇഡി നടപടികളെയും ആം ആദ്മി പാർട്ടി ഭയപ്പെടുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന എക്സൈസ് അഴിമതി കേസിൽ ഇഡി കഴിഞ്ഞ രണ്ട് വർഷമായി പണമോ തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്നും ഡൽഹി സർക്കാർ മന്ത്രി ആതിഷി അവകാശപ്പെട്ടു. ഇഡിയുടെ ശരിയായ മുഖം ഇതാണ്, ഇഡി അവകാശപ്പെടുന്ന പല മൊഴികളും വ്യാജമാണ്. ഇഡിയുടെ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങിയാണ് തങ്ങൾ എഎപി നേതാക്കൾക്കെതിരെ മൊഴി നൽകിയതെന്ന് പല സാക്ഷികളും അവകാശപ്പെട്ടിട്ടുണ്ട്. വ്യാജ സാക്ഷികളുടെയും വ്യാജ മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇഡി കേസ് നടത്തുന്നതെന്നും മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇഡി, സിബിഐ, ആദായ നികുതി വകുപ്പുകൾ ബിജെപിയുടെ മുന്നണി സംഘടനകളായി പ്രവർത്തിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് ഭയപ്പെടില്ല, ഞങ്ങൾ പോരാടും.വരുന്ന പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ പാർട്ടി പരാജയപ്പെടുമെന്നും റെയ്‌ഡുകളോട് പ്രതികരിച്ച് കോൺഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു.
എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് തവണയും ഇഡി സമൻസ് ഒഴിവാക്കിയതിന് പിന്നാലെ എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെതിരെ അന്വേഷണ ഏജൻസി ഡൽഹിയിലെ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ആം ആദ്മി പാർട്ടിയുടെ വാർത്താസമ്മേളനം നടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു റെയ്‌ഡ്.