തിരുവനന്തപുരം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ കോൺഗ്രസിൻ്റെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഇന്ന് വൈകുന്നേരം നാലുമണിക്ക് കാസർകോട് മുനിസിപ്പൽ മൈതാനത്ത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നയിക്കുന്ന യാത്ര ഇന്ന് കാസര്‍കോട് നിന്ന് ആരംഭിച്ച് ഈ മാസം 29ന് തിരുവനന്തപുരത്ത് സമാപിക്കും.
ഒരു ജനതയുടെ മൗനമാണ് ഏതൊരു ഏകാധിപതിക്കും വളമാകുന്നത്. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഭരണത്തിൽ നമ്മുടെ കൺമുമ്പിൽ അരങ്ങേറുന്നത് ക്രൂരതയും അക്രമവും ജനാധിപത്യവിരുദ്ധതയും കെടുകാര്യസ്ഥതകളും മാത്രം. കേന്ദ്ര – സംസ്ഥാന ജനവിരുദ്ധ സർക്കാരുകളുടെ, സ്വന്തം സിൽബന്ധികൾക്കു വേണ്ടി മാത്രമുള്ള ഭരണത്തിനെതിരെ ഈ മണ്ണിന്റെ രോഷം ഇവിടെ ഉയരുന്നു. ഇനി കേരളത്തിന്റെ സിരകളിൽ സമരാഗ്നിയാണെന്ന് സുധാകരൻ കുറിപ്പിലൂടെ പറഞ്ഞു.
നരേന്ദ്ര മോദി – പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധത തുറന്നു കാട്ടാനാണ് കെപിസിസി സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും കൊടിയുടെ നിറത്തില്‍ മാത്രമെ വ്യത്യസ്തരാകുന്നുള്ളൂ. ജനവിരുദ്ധതയും ഏകാധിപത്യവുമാണ് ഇരുവരുടെയും മുഖമുദ്ര. ജനവിരുദ്ധ സര്‍ക്കാരുകളെയും ഏകാധിപതികളെയും കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാന്‍, ജനാധിപത്യം നിലനിർത്താന്‍ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.