കൊല്ലം: കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻകെ പ്രേമചന്ദ്രൻ ഉൾപ്പടെ എട്ട് എംപിമാർക്ക് ഉച്ചവിരുന്ന് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ കൊല്ലം ലോക് സഭാ സീറ്റിൽ യുഡിഎഫിൽ നിന്ന് ആർ എസ് പിയുടെ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന എംപി എൻകെ പ്രമേചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുത്തത് ചർച്ചയാക്കി സോഷ്യൽ മീഡിയ.
“പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ കേരളത്തിൽനിന്ന് ശശി തരൂരിനെ ആയിരുന്നു ക്ഷണിക്കേണ്ടിയിരുന്നത്. മതനിരപേക്ഷത തകർക്കുന്നവർക്ക് കരുത്ത് പകരുന്ന നിലപാടാണ് കൊല്ലം എംപി സ്വീകരിച്ചത്. ഇത് ജനം തിരിച്ചറിയണം. ഗുജറാത്തിലെ നർമദാ ജില്ലയിൽ ഞായറാഴ്ച ക്രൈസ്തവ പ്രാർഥനാ സമ്മേളനം വിലക്കുകയും ഉത്തരാഖണ്ഡിൽ മദ്രസയും നമസ്കാര സ്ഥലവും പൊളിച്ചുമാറ്റി അടിച്ചോടിക്കുകയും ചെയ്തവരുമായിട്ടാണ് യുഡിഎഫ് എംപിക്ക് ഐക്യവും സാഹോദര്യവും” പ്രേമചന്ദ്രന്റെ കൂടിക്കാഴ്ചയ്ക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിമർശിച്ചു.
ബിജെപിയും യുഡിഎഫും തമ്മിലുള്ള അന്തർധാര എന്താണെന്ന് വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.ഇന്ത്യാ മുന്നണിയിലെ മറ്റൊരാളും പങ്കെടുക്കാത്ത സാഹചര്യത്തിൽ പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ സംശയങ്ങളുണ്ട്. പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും ഇന്ത്യ സഖ്യത്തോട് കാണിച്ച വഞ്ചനയാണെന്നും എളമരം കരീം എംപി പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത് ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണ്.രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി പ്രത്യക്ഷമായോ പരോക്ഷമായോ സംസാരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. രാഷ്ട്രീയം വേറെ സൗഹൃദം വേറെ.ഇതിനുമുൻപും മോദി തന്നെ പ്രശംസിച്ചിട്ടുണ്ട്. ഇതിനെയൊന്നും രാഷ്ട്രീയമായി കാണേണ്ട കാര്യമേയില്ല. പ്രധാനമന്ത്രി ഒരു പാർലമെന്റ് അംഗത്തെ വിളിക്കുന്നു. അത്രേയുള്ളൂ.മറുപടിയായി എന്കെ പ്രേമചന്ദ്രന് പറയുന്നു.