ന്യൂഡൽഹി : 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ (89) അന്തരിച്ചു. ശനിയാഴ്ച രാവിലെ 9 മണിയോടെ ഡൽഹിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ ചിത്രകലാവിഭാഗം മേധാവിയായിരുന്നു.
1980-ൽ ബോംബയിൽ നടന്ന ഒരു എക്സിബിഷനിലുടെയാണ് എ. രാമചന്ദ്രനെ മലയാളികൾക്കിടയിൽ പ്രശസ്തനായത്. 1935-ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എണ്ണച്ചായ ചിത്രങ്ങളും ജലച്ചായ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന് പ്രിയം.
കുട്ടികൾക്കുള്ള പുസ്തകങ്ങളും കവറുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്.യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് എ. രാമചന്ദ്രന്റെ ചിത്രങ്ങള്‍.പെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003ൽ പൂർത്തിയാക്കി.