ചെന്നൈ: ക്ഷേത്രങ്ങളിൽ വഴിപാടായി ലഭിച്ചതും ഉപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്നതുമായ സ്വർണം സ്വർണ്ണക്കട്ടികളാക്കി ബാങ്കുകളിൽ നിക്ഷേപിക്കുന്നതിലൂടെ തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നത് പ്രതിവർഷം 25 കോടി രൂപയുടെ അധിക വരുമാനം.ആറുകോടി രൂപ ഇത്തരത്തിൽ ലഭിക്കുന്നുണ്ടെന്നും വൈകാതെ ഈ തുക 25 കോടിയായി ഉയരുമെന്നും ദേവസ്വം മന്ത്രി പി കെ ശേഖർബാബു നിയമസഭയെ അറിയിച്ചു.
1977ലാണ് തമിഴ്നാട് ഈ പദ്ധതി ആദ്യമായി കൊണ്ടുവന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ 2021ലാണ് പദ്ധതി പുനഃരാരംഭിച്ചത്. ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം ഉരുക്കി കട്ടിയാക്കി ഗോൾഡ് ബോണ്ടുകളിൽ ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കുന്ന തിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നവീകരണത്തിനായിട്ടാണ് ഉപയോഗിക്കുക.മൂന്ന് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
38,000 ക്ഷേത്രങ്ങളിലെ ആയിരം കോടിയിലധികം വിലവരുന്ന 2,137 കിലോ സ്വർണം മുംബൈയിലെ ഗവൺമെൻ്റ് മിൻ്റിൽ എത്തിച്ച് ഉരുക്കി ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ദീർഘകാല സ്വർണ നിക്ഷേപത്തിന് 2.5 ശതമാനം പലിശ ലഭിക്കുമെന്നതാണ് പ്രത്യേകത. ഭക്തർ വഴിപാടായി നൽകിയ സ്വർണവും പത്ത് വർഷമായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്നതുമായ സ്വർണമാണ് ബാങ്കിൽ നിക്ഷേപിക്കുക. വിഗ്രഹങ്ങളിൽ അണിയിക്കുന്ന സ്വർണം എടുക്കില്ല.