അല്‍ഫഹം കഴിച്ച അമ്മയും മകനും ആശുപത്രിയില്‍. തട്ടുകട അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

കോഴിക്കോട്: തട്ടുകടയില്‍ നിന്ന് അല്‍ഫഹം പാഴ്‌സല്‍ വാങ്ങി കഴിച്ച അമ്മയെയും മകനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചേലക്കാട് പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നാണ് അല്‍ഫഹമും പൊറോട്ടയും പാഴ്‌സല്‍ വാങ്ങി കഴിച്ചത്.വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും ചികിത്സ തേടി.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തി.തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല. ഗുണനിലവാര പരിശോധന നടത്താത്ത വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്.ഭക്ഷണം തയ്യാറാക്കുന്ന പാത്രങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്നും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നതെന്നും വ്യക്തമായി.

അമ്മയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.