സംസ്ഥാനത്ത് കൊടുംചൂട്, ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സാധാരണ ചൂടിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.താപനില ഉയരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

തെക്കൻ കേരളത്തിന് ആശ്വാസമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.ആറ്റുകാൽ പൊങ്കാല നടക്കുന്ന നാളെയും ശക്തമായ ചൂടായിരിക്കും തലസ്ഥാന നഗരിയിലുണ്ടാകുക. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ‍ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.