തിരുവല്ലയിൽ കാണാതായ 9-ാം ക്ലാസുകാരിയ്ക്കായി തിരച്ചിൽ ഊർജ്ജിതപ്പെടുത്തി പോലീസ്

പത്തനംതിട്ട: ഇന്നലെ രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.തിരച്ചിൽ ഊർജ്ജിതപ്പെടുത്തി പോലീസ്.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നു.തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായ കാവുംഭാ​ഗം സ്വദേശിയെയാണ് കാണാതായതെന്നാണ് റിപ്പോർട്ട്.

വീട്ടിൽ നിന്നും രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ കാവുംഭാഗത്തെ വാണിജ്യ ബാങ്കിന്റെ സിസിടിവിയിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ പെൺകുട്ടി രണ്ടു പേരോട് സംസാരിക്കുകയും തുടർന്ന് അവരോടൊപ്പം നടന്ന് നീങ്ങുന്നതുമാണ് കണ്ടത്.

പെൺകുട്ടി സംസാരിച്ച ഒരാൾ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.