കൊച്ചി: 34.5 ഗ്രാം മെത്താംഫിറ്റാമിനുമായി കാക്കനാട് സ്വദേശി അറസ്റ്റിൽ. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കാക്കനാട് സ്വദേശി വിഎ സുനീറാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് നേരിട്ട് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരുകയായിരുന്നു.
കൂടുതല്‍ സമയം ഉന്‍മേഷത്തോടെ ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഇയാള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ആകര്‍ഷിച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു.ബെംഗളൂരു സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണാടക പോലീസിന്റെ പിടിയിലായിരുന്നു ഇയാള്‍.
ബെംഗളൂരുവിലെ ജയിലിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.കാക്കനാട് ഇന്‍ഫോ പാര്‍ക്ക് ഭാഗത്ത് മയക്കുമരുന്ന് കൈമാറുന്നതായി മനസിലാക്കിയ എക്‌സൈസ് സംഘം ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനം രഹസ്യമായി പിന്തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്കിന് കിഴക്ക് വശത്ത് എത്തിയപ്പോള്‍ വളഞ്ഞു പിടികൂടുകയായിരുന്നു.