പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്ത് നിന്ന് കാണാതായ ഒൻപതാം ക്ലാസുകാരി പെൺകുട്ടി ഞായറാഴ്ച പുലർച്ചെ നാലരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായി.കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ തൃശൂർ സ്വദേശികളായ അതുൽ, അജിൽ എന്നീ യുവാക്കളെ പോലീസ് പിടികൂടി. ബസ്സിൽ പിന്തുടർന്നാണ് പൊലീസ് ഒരാളെ പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ മുതലാണ് 15 വയസുകാരിയെ കാണാതായത്.വെള്ളിയാഴ്ച രാവിലെ പരീക്ഷയ്ക്ക് പോയ പെൺകുട്ടിയെ സ്കൂളിൽ നിന്ന് തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.കുട്ടി തിരികെയെത്താത്തതിനെ തുടർന്ന് കുട്ടിയടെ അമ്മ സ്കൂളിലും ട്യൂഷൻ ക്ലാസിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കുട്ടി എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ പെൺകുട്ടിയുടെയും യുവാക്കളുടെയും ബസിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.ഇതിന് പിന്നാലെയാണ് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായത്.