ജൂലൈ 1 മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം , 1973ലെ ക്രിമിനൽ നടപടിച്ചട്ടം, 1872ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ നിലവിൽ വരും.

പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭാരതീയ ന്യാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്.ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ 15 ദിവസമാണ്. ഇതിനപ്പുറവും പോലീസ് കസ്റ്റഡി നീട്ടാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അന്വേഷണവും കുറ്റപത്ര സമര്‍പ്പണവുമടക്കമുള്ള കേസ് നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

അശ്രദ്ധമായി വാഹനമോടിച്ച് ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന’ കുറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥയായ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 106-ൻ്റെ ഉപവകുപ്പ് (2) നടപ്പാക്കുന്നത് കേന്ദ്രം നിർത്തിവച്ചു.ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി.

പുതിയ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുതിയ ക്രിമിനൽ നിയമങ്ങൾ പരസ്യപ്പെടുത്താനും അവയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ ഇല്ലാതാക്കാനും രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നിർദ്ദേശം നൽകി.