ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡൽഹി : ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ വിഖ്യാത ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു.72 വയസായിരുന്നു.പ്രണയവും വിരഹവുമെല്ലാം ഗസലിലൂടെ പകർന്നു നൽകിയ അതുല്യ പ്രതിഭയായിരുന്നു പങ്കജ് ഉദാസ്.1986ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിൽ ‘ചിട്ടി ആയി ഹെ’ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.2006 ൽ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.

80കളുടെ അവസാനവും 90കളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡിൽ നിറഞ്ഞു നിന്നു.1980ലാണ് പങ്കജിന്റെ ‘ആഹത്’ എന്ന ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി.ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍’ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.അദ്ദേഹത്തിന് എക്കാലത്തും പ്രണയം ഗസലിനോടായിരുന്നു.

ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയവ ഇന്നും സംഗീത പ്രേമികൾക്ക് ഹരമാണ്.

കേശുഭായ് ഉദാസ്, ജിതുബെൻ ഉദാസ് ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവൻ ആയി 1951 മെയ് 17ന് ഗുജറാത്തിലെ ജേത്പൂരില്‍ ആണ് പങ്കജ് ഉദാസിന്റെ ജനനം.