പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രണ്ട് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് നരേന്ദ്ര മോദി കേരള സന്ദർശിക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.ജനുവരി 27ന് കാസർകോട് നിന്നാണ് സംസ്ഥാന വ്യാപകമായി കാൽനട ജാഥ ആരംഭിച്ചത്.

തലസ്ഥാനത്ത് മോദി റോഡ്‌ഷോ നടത്തില്ലെന്ന് ബി.ജെ.പി. വൃത്തങ്ങൾ സ്ഥിരീകരിച്ചു.വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിലെ (വിഎസ്എസ്‌സി) ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്ത ശേഷം സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി എത്തും. വിമാനത്താവളത്തിൽ നിന്ന് വേദിയിലേക്കുള്ള പാതയോരങ്ങളിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി പ്രവർത്തകർ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്.

തലസ്ഥാന നഗരിയിൽ ചൊവ്വാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓൾ സെയിൻ്റ്‌സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പാറ്റൂർ, ആശാൻ സ്‌ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, സ്‌പെൻസർ ജംഗ്ഷൻ മുതൽ പുളിമൂട് വരെയുള്ള റൂട്ടിലും സെക്രട്ടേറിയറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡുകളിലും നിയന്ത്രണങ്ങൾ ബാധകമായിരിക്കും.ഈ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല.