കൊല്ലം: ഇസ്രായേലിൽനിന്ന് കൊല്ലത്തെ വാടിയിലുള്ള കുടുംബത്തെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയും നിബിൻ മാക്സ്‍വെൽ വിളിച്ചിരുന്നു.ഗർഭിണിയായ ഭാര്യ സിയോണയോടും മകൾ അഞ്ചു വയസ്സുകാരി അമിയയോടും ഏറെ നേരം സംസാരിച്ചു. പിതാവ് പത്രോസ് മാക്സ്‍വെല്ലും മകനോട് സംസാരിച്ചു.മകനോട് സംസാരിച്ച പത്രോസ് പോലും കരുതിയില്ല ആ വിളി അവസാനത്തേതായിരുന്നുവെന്ന്.
രണ്ടു മാസം മുൻപാണ് ഇസ്രായേലിൽ ആകർഷകമായ ശമ്പളമുള്ള ഫാം ജോലിക്കായി നിബിൻ പോയത്.ഇസ്രായേലിലുള്ള നിബിൻ്റെ സഹോദരൻ നിവിനും സിയോണയുടെ സഹോദരിയും ചേർന്നാണ് നിബിനുള്ള അഗ്രിക്കൾച്ചറൽ വിസ എടുത്തു നൽകിയത്.വടക്കൻ ഇസ്രായേലിലെ ഗലീലിയിലുള്ള മൊഷാവിലെ മാർഗലിയോട്ടിലുള്ള പോൾട്രി ഫാമിലായിരുന്നു നിബിന്റെ ജോലി.ഇസ്രായേൽ അതിർത്തിയിലാണ് നിബിൻ താമസിച്ചിരുന്നത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് കുടുംബം നിബിന്റെ മരണവിവരം അറിയുന്നത്.മൂത്തമകൻ നിവിൻ ആണ് വിവരമറിയിച്ചത്.സ്ഫോടനം ഉണ്ടായെന്നും നിബിൻ ആശുപത്രിയിലാണെന്നും പറഞ്ഞു. തായ്‍വാൻകാരായ രണ്ടുപേർ മരിച്ചുവെന്നും മലയാളിയായ മറ്റൊരാളുടെ മുഖത്തിനു സാരമായ പരിക്കേറ്റുവെന്നും പറഞ്ഞു. ഉച്ചയ്ക്ക് 12.45 ഓടെ മോൻ വിളിച്ചപ്പോൾ അപ്പച്ചാ അവൻ മരിച്ചുപോയി എന്ന് പറഞ്ഞു.
മകൻ നിവിൻ താമസിച്ചിരുന്ന പ്രദേശത്ത് രണ്ടാഴ്ച മുൻപും ആക്രമണം ഉണ്ടായിരുന്നതായി പിതാവ് പത്രോസ് മാക്സ്‍വെൽ പറയുന്നു.സുരക്ഷിതസ്ഥാനത്തേക്ക് താമസം മാറാൻ നിബിനോട് പറഞ്ഞിരുന്നു. എന്നാൽ സ്പോൺസറിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ അതിന് സാധിച്ചില്ലെന്നും പത്രോസ് പറഞ്ഞു.നിവിൻ്റെ മൃതദേഹം നിലവിൽ സീവ് ആശുപത്രിയിലാണെന്നും മൃതദേഹം ബുധനാഴ്ച ടെൽ അവീവിലേക്ക് കൊണ്ടുപോകുമെന്നും നാല് ദിവസത്തിനകം നാട്ടിലെത്തിക്കുമെന്നുമാണ് വിവരം ലഭിച്ചതെന്നും പത്രോസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെ ലെബനനിലെ ഷിയ വിഭാഗമായ ഹിസ്ബുള്ളയാണ് ഫാം പരിസരത്ത് മിസൈൽ ആക്രമണം നടത്തിയത്.മിസൈൽ ആക്രമണത്തിൽ മൊത്തം എട്ടുപേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ടു മലയാളികളും ഉൾപ്പെടുന്നുണ്ട്.