കോഴിക്കോട്: വർഗീയ കക്ഷിയുടെ കൂടെ പോയതുകൊണ്ട് അച്ഛന്‍റെ ആത്മാവ് പൊറുക്കില്ല. അതുകൊണ്ട് തന്നെ എല്ലാ ബന്ധങ്ങളും അവസാനിച്ചിരിക്കുന്നു. ബിജെപിയിൽ ചേരാനുള്ള പത്മജ വേണുഗോപാലിന്‍റെ തീരുമാനത്തിനെതിരെ കെ മുരളീധരൻ പ്രതികരിച്ചു.കോൺഗ്രസ് നല്ല പരിഗണനയാണ് നൽകിയത്.പത്മജയെ എടുത്തതുകൊണ്ട് കാൽ കാശിന്‍റെ ഗുണം കേരളത്തിൽ ബിജെപിയ്ക്ക് ഉണ്ടാകില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ കരുണാകരൻ വര്‍ഗീയതയോട് സന്ധി ചെയ്തില്ല.കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സഘികൾ നിരങ്ങാൻ ഞങ്ങൾ അനുവദിക്കില്ലെന്നും പാർട്ടിയെ ഒരു ഘട്ടത്തിൽ ചതിച്ചവരുമായി ഇനി ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കിയെന്നും പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചതെന്നും താൻ മത്സരിച്ചത് ഇതിനേക്കാൾ സാധ്യത കുറഞ്ഞ സീറ്റുകളിലായിരുന്നെന്നും മുരളീധരൻ പറഞ്ഞു.കോൺഗ്രസ് 52,000 വോട്ടിന് ജയിച്ച മുകുന്ദപുരത്താണ് പത്മജയ്ക്ക് സീറ്റ് കൊടുത്തത്. ഒന്നര ലക്ഷം വോട്ടിന് അവിടെ തോറ്റു. തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച തൃശൂർ നിയമസഭാ സീറ്റിൽ 7,000 വോട്ടിനാണ് പത്മജ തോറ്റത്. കഴിഞ്ഞ തവണ തൃകോണ പോരാട്ടം നടന്നപ്പോൾ ആയിരം വോട്ടിന് തോറ്റു. ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തെരഞ്ഞെടുപ്പ്.
എനിക്കും ഒരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അന്നൊന്നും താൻ ബിജെപിയിൽ പോയിട്ടില്ല.പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്‍റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഒന്നാം സ്ഥാനത്തെത്തും എന്ന് കരുതുന്ന മണ്ഡലത്തിലടക്കം ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും. പത്മജ മത്സരിക്കുകയാണെങ്കിൽ നോട്ടയ്ക്ക് ആണോ, കോൺഗ്രസിനാണോ വോട്ട് കിട്ടുകയെന്ന് അപ്പോളറിയാമെന്നും .പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.