വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർഥന്റെ പിതാവ് അറിയിച്ചു.പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ സിദ്ധാർഥിൻ്റെ പിതാവും ബന്ധുക്കളും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുള്ളതിനാൽ കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞ സാഹചര്യത്തിൽ യുത്ത് കോൺഗ്രസ് നടത്തി വന്ന നിരാഹര സമരം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമരപ്പന്തലിൽ എത്തി അവസാനിപ്പിച്ചതായി പ്രഖ്യാപനം നടത്തി.സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുൻപിൽ ആറ് ദിവസമായി യൂത്ത് കോൺഗ്രസ് സമരം നടത്തിവരികയായിരുന്നു.