ന്യൂഡൽഹി: സിഎഎ വിഷയത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾ കനക്കുമ്പോഴും പുനഃപരിശോധനകൾക്ക് സാധ്യതയില്ലെന്ന് കേന്ദ്രസർക്കാർ.പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്നും ശക്തമായ പ്രതിഷേധം നടക്കും.ഡൽഹി സർവ്വകലാശാലയിൽ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാർത്ഥികളെ ക്യാംപസിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്തു.
നിയനിർമ്മാണത്തിന് തുടർച്ചയായി ഉള്ള ചട്ടങ്ങൾ രൂപീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. ഇത് വഴി 1955 ലെ പൗരത്വ ഭേദഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു കൊണ്ടല്ല നടപടികൾ പൂർത്തിയാക്കിയതെന്നും, പുനരപരിശോധന സംബന്ധിച്ച നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
വിജ്ഞാപനവവുമായി ബന്ധപ്പെട്ട് മുസ്ലീം മതവിഭാഗത്തിൽ ഉൾപ്പെട്ടവർ ഭയപ്പെടേണ്ടതില്ല. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന ഭയം വേണ്ട.സിഎഎ അടിസ്ഥാനത്തിൽ ഒരു പൗരനോടും രേഖകൾ ആവശ്യപ്പെടില്ല. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാൻ തടസ്സമില്ല.പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ധാരണയില്ല, അയൽരാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് സിഎഎ കൊണ്ടുവന്നതെന്നും കേന്ദ്രം വിശദീകരണ കുറിപ്പിലൂടെ വ്യക്തമാക്കി.