തിരുവനന്തപുരം: തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ വിമര്‍ശനം സംഘപരിവാറിന്‍റെ തലയില്‍വയ്ക്കണ്ടെന്ന് കേരള ഫിലിം ചേംബര്‍ മുന്‍ അധ്യക്ഷനും നിര്‍മ്മാതാവും ബിജെപി സംസ്ഥാന സമിതി അംഗവുമായ ജി. സുരേഷ് കുമാര്‍. മഞ്ഞുമ്മല്‍ ബോയ്സിനെയും മലയാളികളെയും കുറിച്ച് ജയമോഹന്‍ പറഞ്ഞത് തെമ്മാടിത്തരമാണ്.ഒന്നോ രണ്ടോ മലയാള സിനിമ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിമര്‍ശിക്കാനുള്ള അര്‍ഹതയില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
നമ്മുടെ ചെറുപ്പക്കാര്‍ ഉണ്ടാക്കുന്ന സിനിമകള്‍ കണ്ട് രാജ്യം ഞെട്ടിയിരിക്കുമ്പോഴാണ് ചെറുതാക്കി കാണിക്കാനുള്ള ഈ ശ്രമം.സംഘപരിവാറിന്‍റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെ കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ? തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും. തമിഴ്‌നാട്ടിലാരും മദ്യപിക്കാറില്ലേയെന്നും അങ്ങനെയെങ്കില്‍ അവിടത്തെ ടാസ്മാക്കുകള്‍ പൂട്ടാന്‍ പറയണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.
മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ ജയമോഹന്‍ പ്രസിദ്ധീകരിച്ച ബ്ലോഗാണ് വിവാദമായത്.