തിരുവനന്തപുരം : നിലപാടുകളെ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും പ്രത്യേകം നന്ദി,വിമർശനങ്ങളോട് പ്രതികരിച്ച് പത്മജ വേണുഗോപാൽ.എന്‍റെ ചേട്ടൻ കുറ്റം പറയുമ്പോൾ അത് എന്‍റെ രക്തമാണെന്ന് എനിക്കറിയാം. പറഞ്ഞോട്ടെ. സംസ്കാര ശൂന്യമായി പ്രതികരിക്കുന്നതിനെതിരെ ഞാൻ പ്രതികരിക്കില്ലെന്നും പത്മജ പറഞ്ഞു.
” എന്‍റെ നിലപാടുകളെ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും പ്രത്യേകം നന്ദി. എന്‍റെ വിഷമങ്ങൾ ഞാൻ പറയുമ്പോൾ അത് കേൾക്കാൻ തയ്യാറാവാത്തത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. കുറ്റം പറഞ്ഞാലും ഇപ്പോൾ അത് പ്രശ്നമായി ഞാൻ കാണുന്നുമില്ല.എന്‍റെ ചേട്ടൻ കുറ്റം പറയുമ്പോൾ അത് എന്‍റെ രക്തമാണെന്ന് എനിക്കറിയാം. പറഞ്ഞോട്ടെ. പക്ഷേ അദ്ദേഹം ഇതിനു മുന്നേ രണ്ടു മൂന്നു പാർട്ടികളിൽ പ്രസിഡൻ്റായി പ്രവർത്തിച്ചപ്പോൾ അതൊന്നും വിമർശിക്കാൻ ഞാൻ മുതിർന്നിരുന്നില്ല.
പാർട്ടിയിൽ നിന്ന് ഏറ്റ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എനിക്ക് ഒരു തീരുമാനമെടുക്കാൻ പാടില്ലേ? അതോ ഒരു സ്ത്രീ എന്ന നിലയിൽ അതിന് അവകാശമില്ലന്നാണോ? എന്നെ നന്നായി അറിയുന്ന ആളുകൾ എന്നെ ഒന്നും പറയുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. സംസ്കാര ശൂന്യമായി പ്രതികരിക്കുന്നതിനെതിരെ ഞാൻ പ്രതികരിക്കില്ല.എന്നെ ഇനിയും ആരും വേദനിപ്പിക്കാൻ നോക്കണ്ട. കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല.
എന്‍റെ അച്ഛൻ വളർത്തിയ ആളുകൾ ആണ് എന്നെ വേദനിപ്പിച്ചത്. എന്‍റെ അച്ഛൻ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാൻ. അദ്ദേഹം മരിച്ചിട്ടു 14 കൊല്ലമാകുന്നു. ഗവണ്മെന്‍റ് തന്ന സ്ഥലത്തു ഒരു കല്ല് വെക്കാൻ പോലും പാർട്ടി തയ്യാറായില്ല. അവിടെ തൽക്കാലം ഒന്നും ചെയ്യണ്ട എന്നായിരുന്നു ഒരു മുതിർന്ന നേതാവ് പറഞ്ഞത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും നിലപാടിനൊപ്പം ദേശീയത ഉയർത്തിപ്പിടിക്കുന്ന ഒരു പക്ഷത്താണ് ഞാൻ നിലകൊള്ളുന്നത്.” ഫേസ്ബുക്ക് പോസ്റ്റിലൂടെ പത്മജ പ്രതികരിച്ചു.