ന്യൂഡൽഹി : ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി ഉത്തരവ്. തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തിയാൽ മതിയാകില്ലെന്നും ബോണ്ടുകളുടെ യൂണിക് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്നും സുപ്രീം കോടതി പറഞ്ഞു. ബാങ്കിന്റെ കൈവശമുള്ള എല്ലാ രേഖയും വെളിപ്പെടുത്തിയെന്ന സത്യവാങ്മൂലം മാര്‍ച്ച് 21 വൈകുന്നേരം അഞ്ച് മണിക്കകം സമര്‍പ്പിക്കണമെന്നും എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ആല്‍ഫാ ന്യൂമെറിക് നമ്പര്‍, സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നേതൃത്വം നല്‍കിയ ബെഞ്ച് അറിയിച്ചു.ബോണ്ടുകളുടെ നമ്പര്‍ നല്‍കണമെന്നാണെങ്കില്‍ അവ നല്‍കാന്‍ ബാങ്ക് തയ്യാറാണെന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു.
കോടതി വിധി പുറത്ത് എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന കാര്യം തിരിച്ചറിയേണ്ടതാണ്. വേട്ടയാടല്‍ ഒരുഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. കോടതിയ്ക്ക് മുന്നിലുള്ളവര്‍ മാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ നല്‍കിയും മറ്റും കോടതിയെ മനപ്പൂര്‍വ്വം നാണം കെടുത്താന്‍ ശ്രമിക്കുന്നു. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യാപകമാകുന്നുണ്ട്.കോടതിയ്ക്ക് പുറത്ത് ഈ വിധി എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന് സുപ്രീം കോടതി ബെഞ്ച് തിരിച്ചറിയണമെന്നും കള്ളപ്പണം തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത പറഞ്ഞു.
’ ജഡ്ജിമാര്‍ എന്ന നിലയില്‍ നിയമവാഴ്ചയില്‍ അധിഷ്ടിതമായ ഭരണഘടന അനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമവാഴ്ചയ്ക്ക് വേണ്ടിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാര്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലും ഞങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതെല്ലാം ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്,’’ ബെഞ്ച് അധ്യക്ഷന്‍ ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.