ന്യൂഡൽഹി: വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് തത്ക്കാലം സ്റ്റേ ഇല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ ഏപ്രിൽ എട്ടിനകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്.ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ഡിവൈഎഫ്ഐ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവരാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
2019 ഡിസംബറിൽ നിയമം കൊണ്ടുവന്നിട്ടു നാല് വർഷവും മൂന്നു മാസവും കഴിഞ്ഞാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. 2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല. അതിനു കാരണം ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതായിരുന്നു. ചട്ടങ്ങൾ വിജ്ഞാപനം ചെയ്തോടെയാണ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് സുപ്രീം കോടതിയെ വീണ്ടും സമീപിച്ചതെന്നും മുസ്ലീം ലീഗിന് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയണമെന്ന ഹർജിയിൽ മറുപടി ഫയൽ ചെയ്യണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിനാലാണ് മൂന്നാഴ്ചത്തെ സമയം അനുവദിച്ചത്.ഈ മൂന്നാഴ്ചക്കിടെ, ആർക്കും പൗരത്വം അനുവദിക്കരുതെന്ന് ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം ആർക്കെങ്കിലും പൗരത്വം അനുവദിച്ചാൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചുവെന്നും അഡ്വ. ഹാരിസ് ബീരാൻ വ്യക്തമാക്കി.