തൃശൂർ : ഒരു കുറ്റബോധവുമില്ലെന്നും ഇനിയും പറയുമെന്നും നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപം തുടർന്ന് കലാമണ്ഡലം സത്യഭാമ. പറഞ്ഞത് പറഞ്ഞത് തന്നെയാണ്. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു.ആരുടെയും പേരെടുത്ത് താന്‍ പറഞ്ഞിട്ടില്ല, വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും സത്യഭാമ പ്രതികരിച്ചു.
കറുത്തവൻ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുന്നത് കാണുന്നത് അരോചകം തന്നെയാണെന്നും തനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കലാമണ്ഡലം സത്യഭാമ സത്യഭാമ പറഞ്ഞു.കറുത്തനിറമുള്ള ഒരു കുട്ടിയെ നൃത്തം പഠിപ്പിക്കും പക്ഷെ മോള്‍ മത്സരത്തിന് പോകേണ്ട’ എന്നെ പറയൂ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സത്യഭാമ പ്രതികരിച്ചു.
2017-18 കാലഘട്ടത്തില്‍ ഞാൻ കലാമണ്ഡം ബോര്‍ഡില്‍ ഇരിക്കുന്ന സമയത്ത് പല മത്സരങ്ങള്‍ക്കും കുട്ടികളെ കൊണ്ടുപോയിട്ടുള്ള ഒരു കലാകാരനെതിരെ താൻ കേസ് കൊടുത്തിട്ടുണ്ടെന്നും കലാരംഗത്ത് പല പ്രശ്നങ്ങള്‍ തരണം ചെയ്ത് പോകുന്ന കാലഘട്ടമാണിതെന്നും സത്യഭാമ പറഞ്ഞു. തന്‍റെ തൊഴില്‍ ഇല്ലാതാക്കിയ കലാകാരനെ പിന്നെ താൻ എന്ത് പറയണമെന്നും സത്യഭാമ ചോദിച്ചു.
“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.