ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ 10 ജില്ലകളിൽ താപനില ഉയരും

തിരുവനന്തപുരം: ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ 10 ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനാണ് സാധ്യത.തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ്സും രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർ​ഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.വെള്ളിയാഴ്ച തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വേനൽ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ രാത്രി 9 മണിയോടയാണ് ശക്തമായ മഴ ലഭിച്ചത്. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്തു. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ, മേലുകാവ്, ഈരാറ്റുപേട്ട മേഖലകളിലാണ് മഴ പെയ്തത്.