തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനെ (30) യാണ് ചൊവ്വാഴ്ച വൈകിട്ട് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിയിൽനിന്ന് സിറിഞ്ചും കണ്ടെടുത്തു.അഞ്ച് മാസം മുൻപാണ് അഭിരാമിയുടെ വിവാഹം നടന്നത്. കൊല്ലം സ്വദേശിയായ ഡോക്ടർ ആണ് ഭർത്താവ്. അഭിരാമിയുടെ മരണത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ടു മൂന്നു മണിക്ക് അഭിരാമി കുടുംബത്തെ വിളിച്ചിരുന്നു. മറ്റു പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല.