ബാൾട്ടിമോർ : അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്.പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നവരാണ് വെള്ളത്തില്‍ വീണത്. ഇവരുടെ വാഹനങ്ങളും നദിയില്‍ വീണിരുന്നു. വെള്ളത്തില്‍ വീണ പാലത്തിന്റെ അവശിഷ്ടങ്ങളും വാഹനങ്ങളും കണ്ടെടുക്കാനാണ് കോസ്റ്റ് ഗാര്‍ഡും മറ്റ് ഏജന്‍സികളും പരിശ്രമിക്കുന്നത്.
അപകടത്തിൽ കാണാതായ ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. നദിയില്‍ വീണ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു കപ്പൽ പുറപ്പെട്ടത്. യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച് ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു.
ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പൽ ഇടിച്ചു കയറി. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്നു നദിയിലേക്കു വീഴുകയായിരുന്നു.