ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി.ഡൽഹി സ്വദേശയായ സുർജിത് സിങ് യാദവാണ് കെജ്രിവാളിനെതിരായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.സാമ്പത്തിക തട്ടിപ്പിൽ പിടിയിലായ മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
നിലവിലെ സാഹചര്യത്തിൽ ഈ വിഷയം കോടതി ഇടപെടൽ സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് മൻമീത് പ്രീതം സിങ് അറോറയുമാണ് ഹർജി തള്ളിയത്.നിലവിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ജയിലിൽ കഴിയുന്ന കെജ്രിവാൾ എങ്ങനെയാണ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് അന്വേഷിക്കാനുളള നിർദ്ദേശവും ഹർജിയിൽ സുർജിത് സിങ് യാദവ് ആവശ്യപ്പെട്ടിരുന്നു.കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കെജ്രിവാൾ കോടതിയിൽ വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു.