റിയാസ് മൗലവി കേസിൽ പിണറായി സര്‍ക്കാര്‍ ആര്‍എസ്എസുകാരെ രക്ഷിച്ചു, വിഡി സതീശൻ

കാസര്‍കോട്: പിണറായി സര്‍ക്കാറിന്റെ അറിവോടെയാണ് റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പോലീസും ഗുരുതര വീഴ്ച വരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നിലവാരമില്ലാത്തതും ഏകപക്ഷീയമായതുമായ അന്വേഷണമാണ് നടന്നതെന്നാണ് വിധിയില്‍ പറയുന്നത്.

പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി ഉള്‍പ്പെടുത്തിയിരുന്ന ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്.അഞ്ച് പേരെ വിസ്തരിക്കാത്തത് ദുരൂഹമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിനും തെളിവായി സാക്ഷികള്‍ ഉണ്ടായിട്ടും വിസ്തരിച്ചില്ല. ആര്‍എസ്എസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയിട്ടുണ്ട്.മതപരമായ വിദ്വേഷത്തെ തുടര്‍ന്നാണ് ഒരു നിരപരാധിയെ കൊലപ്പെടുത്തിയതെന്നും വിചാരണ കോടതിയില്‍ തെളിവില്ലാത്ത കേസില്‍ അപ്പീലിന് പോയാല്‍ എന്താണ് സംഭവിക്കുകയെന്നത് എല്ലാവര്‍ക്കും അറിയാമെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്‍റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന്‍റെ ഭാഗമായാണോ ആര്‍എസ്എസുകാരായ പ്രതികളെ രക്ഷിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടു വന്നാണ് ഷുഹൈബ് കൊലക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കി സിപിഎമ്മുകാരെ രക്ഷിക്കാന്‍ ശ്രമിച്ചത്..വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയിട്ടും ഡിവൈഎഫ്ഐക്കാരനെ രക്ഷിക്കാനാണ് പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതെന്നും .വിഡി സതീശൻ പറഞ്ഞു