നാഗ്പുർ: പുകവലിക്കുന്നത് തുറിച്ചു നോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്ന് യുവതിയും കൂട്ടുകാരും. രഞ്ജിത് റാത്തോഡ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. നാഗ്പുരിലെ മനേവാദ സിമന്റ് റോഡിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഒരു പാൻ കടയ്ക്കു മുമ്പിൽ സിഗരറ്റ് വലിച്ച് നിൽക്കുകയായിരുന്ന 24കാരിയായ ജയശ്രീ പന്ധാരെ ഈ സമയത്ത് പാൻ കടയിൽ സിഗരറ്റ് വാങ്ങാൻ വന്ന രഞ്ജിത് റാത്തോഡ് തന്നെ തുറിച്ചുനോക്കി എന്നാരോപിച്ച് വഴക്കുണ്ടാക്കി.പ്രശ്നം തുടങ്ങിയപ്പോൾ ജയശ്രീക്കൊപ്പമുണ്ടായിരുന്ന സവിത സായരെ എന്ന സുഹൃത്ത് ആകാശ് റൗത്ത്, ജീത്തു ജാദവ് എന്നീ രണ്ട് സുഹൃത്തുക്കളെക്കൂടി വിളിച്ചുവരുത്തി.ഈ രണ്ടുപേരും സ്ഥലത്തെത്തുന്ന സമയത്തിനിടയിൽ രഞ്ജിത്ത് റാത്തോഡ് പോയിരുന്നു.
മഹാലക്ഷ്മി നഗറിലെ ഒരു ബാറിൽ കയറി ബിയർ കഴിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ജയശ്രീയും സുഹൃത്തുക്കളും ചേർന്ന് പിടികൂടി ആക്രമിക്കുകയായിരുന്നു. രഞ്ജിത്ത് റാത്തോഡിന്റെ ഫോണിൽ ജയശ്രീ രഞ്ജിത്തിനു നേർക്ക് പുക വലിച്ച് ഊതുന്നതു കാണാം. ഇരുവരും തമ്മിൽ തർക്കിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ ജയശ്രീ കത്തി ഉപയോഗിച്ച് റാത്തോഡിനെ പലവട്ടം കുത്തുന്നത് കാണാം.ജയശ്രീ, സവിത, ആകാശ് എന്നിവർ പോലീസിന്റെ കസ്റ്റഡിയിലാണ്.