ബെംഗളൂരു : ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യപ്രതികളായ അദ്ബുൽ മതീൻ താഹ, മുസാഫിർ ഹുസൈൻ ഷാസിബ് എന്നിവരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പശ്ചിമ ബംഗാളിൽ നിന്ന് ഇന്നുപുലർച്ചെ അറസ്റ്റ് ചെയ്തു. വ്യാജ പേരിൽ ഒളിവിലായിരുന്ന പ്രതികളെ കൊൽക്കത്തയിൽ നിന്നാണ് പിടികൂടിയത്.
സ്ഫോടനത്തിൻ്റെ ആസൂത്രണം താഹയാണ്.പൊട്ടിത്തെറിച്ച സ്ഫോടകവസ്തുവായ ഐഇഡി കഫേയിൽ സ്ഥാപിച്ചത് ഷാസിബ് ആണെന്ന് എൻഐഎ.പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം പ്രതികളെ പിടികൂടാനുള്ള സഹായങ്ങൾ ചെയ്തു നൽകിയെന്ന് എൻഐഎ പ്രസ്താവനയിലൂടെ അറിയിച്ചു.
മുഹമ്മദ് ജുനെദ് സെയ്ദ് എന്ന പേരിൽ ഷാസിബും വിഘ്നേഷ് എന്ന പേരിൽ താഹയും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഒളിവിൽ താമസിക്കുന്നതിനിടെയാണ് അറസ്റ്റ്.കേസിലെ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഷാസിബിന് സ്ഫോടകവസ്തു കൈമാറിയ ചിക്കമംഗളൂരു സ്വദേശി മുസമ്മിൽ ഷെരീഫിനെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ 10 പേർക്കാണ് പരിക്കേറ്റത്.ഴിഞ്ഞ മാർച്ച് ഒന്നിന് ഫുൾസ്ലീവ് ഷർട്ടും തൊപ്പിയും കണ്ണടയും മുഖം മൂടിയും ധരിച്ച മുഖ്യപ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സ്ഫോടക വസ്തു കൈവശം വെച്ചതാണെന്ന് കരുതുന്ന ബാഗുമായി ഇയാൾ കഫേയിലേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്.