ഉത്തരാഖണ്ഡ്, രാംനഗർ : പറയാൻ വികസന നേട്ടങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ കോൺഗ്രസ് സർക്കാരുകളെ കുറ്റം പറഞ്ഞ് എത്ര കാലം മുന്നോട്ട് പോകുമെന്ന് ബിജെപിയോട് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ പത്തുവർഷം അധികാരത്തിലിരുന്നിട്ടും കോൺഗ്രസ്സിനെ പഴി പറയുന്നതല്ലാതെ എന്താണ് ബിജെപി ചെയ്തതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു.ഉത്തരാഖണ്ഡിലെ രാംനഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ.
“കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ് അധികാരത്തിലില്ല. വലിയ ഭൂരിപക്ഷത്തിലാണ് ഈ രണ്ട് തവണയും അധികാരം ലഭിച്ചത്. ഇത്രയും കാലം നിങ്ങൾ എന്താണ് ചെയ്തത്? ബിജെപി പത്തു വർഷം ഭരിച്ചിട്ടും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാകുകയാണുണ്ടായത്. സ്വ.യം അഴിമതി ചെയ്യാത്തയാളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇലക്ടറൽ ബോണ്ട് അഴിമതി പുറത്തു വന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
സർക്കാരുകളെ അട്ടിമറിക്കാൻ ഇഡിയെയും സിബിഐയെയും ആദായനികുതി വകുപ്പിനെയും ഉപയോഗിക്കുന്ന തിരക്കിൽ ബിജെപി വിലക്കയറ്റവും തൊഴിലില്ലായ്മയും മറന്നുപോയെന്നും പ്രിയങ്ക പറഞ്ഞു.ഒമാനിലെ ഗ്വാദാർ തുറമുഖം നെഹ്റു പാകിസ്താന് വിട്ടു കൊടുത്തുവെന്നും, കച്ചത്തീവ് ദ്വീപിനെ ഇന്ദിരാ ഗാന്ധി ശ്രീലങ്കയ്ക്ക് വിട്ടു കൊടുത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയുടെ മറുപടി.
ഐഐഎമ്മുകളും ഐഐടികളും എഐഐഎമ്മുകളും സ്ഥാപിച്ച നെഹ്റുവിന്റെ ദീർഘദർശനം ഇല്ലായിരുന്നെങ്കിൽ ഇന്ന് ചന്ദ്രയാൻ സാധിക്കുമായിരുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.