ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക് സഭ സീറ്റുകളിലേക്ക് 1625 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ ഉൾപ്പെടുന്ന തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. ഡിഎംകെ മുന്നണിയുടെ പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി കൊങ്കുനാട്ടിലും ഇന്ന് പ്രചാരണം നടത്തും.
ലോക് ജനശക്തി പാർട്ടി തലവൻ ചിരാഗ് പാസ്വാൻ, കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ മകൻ നകുൽ നാഥ്, ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ, തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കനിമൊഴി കരുണാനിധി. ജിതിൻ പ്രസാദ തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു തമിഴ്നാട്ടിൽ എൻഡിഎയ്ക്കായി പ്രചാരണം നയിച്ചത്.
39 മണ്ഡലങ്ങളിലായി 950 സ്ഥാനാർഥികളാണ് തമിഴ്നാട്ടിൽ ജനവിധി തേടുന്നത്. അരുണാചൽപ്രദേശ് (2), അസം (5), ബിഹാർ (4), ഛത്തീസ്ഗഢ് (1), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), മണിപ്പുർ (2), മേഘാലയ (2), മിസോറം (1), നാഗാലാൻഡ് (1), രാജസ്ഥാൻ (12), സിക്കിം (1), തമിഴ്നാട് (39), ത്രിപുര (1), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമബംഗാൾ (3), ആൻഡമാൻ നിക്കോബാർ (1), ജമ്മു കശ്മീർ (1), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
രാജ്യത്ത് ഏഴ് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടുന്നത്. ഏപ്രിൽ 19, 26, മേയ് 07, 13, 20, 25, ജൂൺ 01 തീയതികളിലാണ് വോട്ടെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണൽ ജൂൺ നാലിനാണ്.