തൃശ്ശൂർ: കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് തുടക്കമായി.എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. വരും മണിക്കൂറുകൾ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ നിറകൂട്ടാണ് തൃശ്ശൂരില്‍ അരങ്ങേറുന്നത്.
പൂരപ്രേമികളുടെ ഇഷ്ടതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് രാമചന്ദ്രന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. പൂര നഗരിയിൽ ജനങ്ങളുടെ സൂരക്ഷ കണക്കിലെടുത്ത് പൊലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.