തിരുവനന്തപുരം: വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാതെ ഇരിക്കുക, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക, സുരക്ഷ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം കാണിക്കുക എന്നീ കുറ്റങ്ങൾ ഇനി കർശനമായി നിരീക്ഷിക്കുകയും ആ വ്യക്തികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മോട്ടോർ വകുപ്പ്.
നമ്പർ പ്ലേറ്റുകളിലാണ് വലിയ രീതിയിലുള്ള കൃത്രിമത്വങ്ങൾ കാണിക്കുന്നത്. അകത്തേക്ക് മടങ്ങുന്ന തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ വരെ ഇതിൽ പെടും. ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുവാനായി കൈ കാണിച്ചാൽ റോഡിൽ നിറുത്താതെ പോകുന്ന ബൈക്കുകളുടെ പിന്നിലിരിക്കുന്നയാൾ കൈകൊണ്ട് തട്ടിയാൽ നമ്പർ പ്ലേറ്റ് അകത്തേക്ക് മടങ്ങുന്ന വിധത്തിലാണ് ചില വാഹനങ്ങളിൽ ഇത് സെറ്റ് ചെയ്തിരിക്കുന്നത്.ഇത്തരത്തിൽ നിരവധി വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പിന്റെ വിഭാഗം പിടിച്ചെടുത്ത് പിഴ ഈടാക്കിയത്.
ഇത്തരം നമ്പർ പ്ലേറ്റുകൾ തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കാൻ തുടങ്ങി.കൃത്രിമമായി നമ്പർ പ്ലേറ്റ് നിർമിച്ച കേസിൽ പുനലൂരിലെ ഒരു സ്ഥാപനം അടപ്പിച്ചിരുന്നു.