കണ്ണൂർ: .കേരളം ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന നാടാണ്. ആ നാടിന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല.ബിജെപിയുടെ കേരള വിരുദ്ധ സമീപനത്തിന് പിന്നിൽ കേരളം അവരെ സ്വീകരിക്കുന്നില്ല.ഇന്നലെ സ്വീകരിച്ചില്ല, ഇന്നും സ്വീകരിക്കുന്നില്ല, നാളെയും സ്വീകരിക്കില്ല. അതിൽ അവർ പരിഭവിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിലെയും പര്യടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെരഞ്ഞെടുപ്പിന്റെ പ്രധാന കാര്യങ്ങൾ ജനങ്ങൾ പൂർണമായി ഉൾക്കൊണ്ടു കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.കേരള വിരുദ്ധ സമീപനം ബിജെപി തുടർച്ചയായി സ്വീകരിക്കുന്നു.ഈ പതിനെട്ടംഗ സംഘം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു പോയവരാണല്ലോ – അവരെന്തിനാണ് കേരള വിരുദ്ധ സമീപനത്തിലേക്ക് പോകുന്നത്. പക്ഷേ നമ്മുടെ അനുഭവം അവരും കേരളവിരുദ്ധ സമീപനം സ്വീകരിച്ചു എന്നതാണ്. അപ്പോൾ ജനങ്ങൾ ഇതാണ് വിലയിരുത്തുന്നത്. ഈ കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ കേരള വിരുദ്ധ സമീപനം സ്വീകരിച്ച ഇവരോട് കടുത്ത അമർഷമാണ് പൊതുവേ ജനങ്ങൾക്കുള്ളത്. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്ന് പോകുന്നത് കേരളത്തിന്റെ താല്പര്യം ഉയർത്തുന്നവരാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും ഹാനി വരുത്താനുള്ള ശ്രമങ്ങൾ എന്തെങ്കിലും ഉണ്ടാകുമ്പോൾ അതിനെ ശക്തമായി എതിർക്കുന്നവരാകണം. മതനിരപേക്ഷത സംരക്ഷിക്കുന്നവരാകണം. ഇതാണ് ജനങ്ങളുടെ പൊതുവായ ബോധ്യം. അതിന്റെ ഭാഗമായി 20 മണ്ഡലങ്ങളിലും കാണാൻ കഴിഞ്ഞത് അഭൂതപൂർവ്വമായ കാഴ്ചയാണ്.ഈ വികാരത്തിൽ നിൽക്കുന്ന ജനങ്ങൾ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിന് അനുകൂലമായ ഒരു തരംഗം എന്ന രീതിയിൽ ഉയർന്നുവരുന്നതിന് ഇടയാക്കിയിരിക്കുകയാണ്. എൽഡിഎഫിന് മികവാർന്ന വിജയം ഈ തെരഞ്ഞെടുപ്പിൽ നേടാനാവും എന്നതാണ് പൊതുവേയുള്ള നിലയെന്നും മുഖ്യമന്ത്രി പറഞ്ഞു. .
ബിജെപിയെ പരാജയപ്പെടുത്തത്തക്ക വിധമുള്ള പൊതു സാഹചര്യം ഉയർന്നു വന്നിരിക്കുകയാണ്. അത് ബിജെപിക്കും മനസ്സിലായിരിക്കുകയാണ്. കാരണം അവർ അവരുടെ ഏറ്റവും വലിയ കാർഡ്, വർഗീയ കാർഡ് ഇറക്കി കളിക്കാൻ ഇപ്പോൾ തയ്യാറായിരിക്കുകയാണ്. പ്രധാനമന്ത്രി തന്നെ കടുത്ത വിഷലിപ്തമായ വർഗീയ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. രാജ്യത്ത് ബിജെപി ഗവൺമെന്റിന് ഇനിയൊരു ഉഴമില്ല എന്ന് ജനങ്ങൾ ആകെ തീരുമാനിച്ച ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ദേശീയ ഉദ്ഗ്രഥനം, നമ്മുടെ ഭരണഘടന തന്നെയും സംരക്ഷിക്കണമെങ്കിൽ ഈ തെരഞ്ഞെടുപ്പ് ഒരു പ്രധാന അവസരമെന്നതാണ് ജനം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിനെല്ലാം ആപത്ത് ഉണ്ടാക്കുന്നത് ഇവിടെ കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ആണ്. അപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് ഇനിയൊരു ഊഴം കൂടി ലഭിച്ചാൽ അത് രാഷ്ട്രത്തിന് തന്നെ വലിയ അപകടം ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഈ അവസരം ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ രാഷ്ട്രത്തിന് ഉണ്ടാകാൻ പോകുന്ന അപകടം വിവരണാതീതമായിരിക്കും. അതിന്റേതായ ഒരു അന്തരീക്ഷമാണ് രാജ്യത്ത് ഉള്ളത്.മുഖ്യമന്ത്രി പറഞ്ഞു.