ചെന്നൈ: വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും പാട്ടുകൾക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്നും മദ്രാസ് ഹൈക്കോടതി.ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാ നിർമാതാക്കളിൽ നിന്ന് സംഗീത കമ്പനിയായ എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു.
ഇളയരാജ ഈണം നൽകിയ 4500ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ എക്കോ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്.പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചതിനെ എതിർത്താണ് കമ്പനി അപ്പീൽ ഹർജി സമർപ്പിച്ചത്.
സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകാൻ സംഗീത സംവിധായകനെ നിർമാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു.ഈണത്തിന് മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികൾ, ശബ്ദം, വാദ്യങ്ങൾ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു. ഈണത്തിനുമേൽ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂർണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് നിരീക്ഷിച്ച കോടതി, വരികളില്ലാതെ ഗാനമുണ്ടോയെന്നും ചോദിച്ചു.ഹർജിയിൽ വിശദമായി വാദംകേൾക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി ജൂൺ രണ്ടാംവാരം വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.