ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകം,കാനഡയിലെ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

ഒട്ടാവ: ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായത്. നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് റിപ്പോർ‌ട്ട്.

പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ബ്രിട്ടീഷ് കൊളംബിയയിലെ മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളായിരുന്ന ഹർദീപ് സിങ് 2023 ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റു മരിച്ചത്.നിജ്ജാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് 10 ലക്ഷം രൂപ ഇന്ത്യ വിലയിട്ടിരുന്നു.പഞ്ചാബിലെ ജലന്ധറിൽ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഹർദീപ് സിങ് നിജ്ജാർ.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡ‍ിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിഷേധിച്ച ഇന്ത്യ നിജ്ജാറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളിൽ ഇടപെടുക എന്നത് ഇന്ത്യയുടെ നയമല്ലെന്ന്  കനേഡിയൻ അധികൃതരെ അറിയിച്ചിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്മേൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ അറസ്റ്.

തെളിവ് സംബന്ധിച്ച കാര്യത്തെ കുറിച്ചോ കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നതിനെ കുറിച്ചോ പറയാൻ കഴിയില്ലെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും കനേഡിയൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഡേവിഡ്‌ ടെമ്പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.