ഹമാസ് – ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പോസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു, പ്രിന്‍സിപ്പലിനോട് രാജിവയ്ക്കാൻ നിര്‍ദേശം

മുംബൈ : ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പോസ്റ്റ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചതിന് 12 വര്‍ഷത്തോളമായി മുംബൈയിലെ സോമയ്യ സ്‌കൂളില്‍ പ്രിന്‍സിപ്പലായ പര്‍വീണ്‍ ഷെയ്ഖിനോട് പ്രിന്‍സിപ്പൽ പദവിയൊഴിയാന്‍ മാനേജ്മെന്റ് നിര്‍ദേശിച്ചു.ഏഴ് വര്‍ഷം മുമ്പാണ് പര്‍വീണ്‍ ഷെയ്ഖ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായി നിയമിതയായത്.

പലസ്തീന്‍ അനുകൂല ഹമാസ് അനുഭാവമുള്ള അധ്യാപികയുടെ പോസ്റ്റിന് വലിയ തോതില്‍ സ്വീകാര്യത ലഭിക്കുന്നത് എടുത്തുകാട്ടി വെബ് പോര്‍ട്ടലായ ഓപ്ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാനേജ്‌മെന്റ് തന്നെ വിളിച്ചുവരുത്തിയതെന്ന് പര്‍വീണ്‍ ഷെയ്ഖ് പറഞ്ഞു.തന്റെ കഴിവിന്റെ നൂറ് ശതമാനവും താന്‍ സ്‌കൂളിന് നല്‍കിക്കഴിഞ്ഞുവെന്നും പദവിയില്‍ നിന്നൊഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഏപ്രില്‍ 26-നാണ് മീറ്റിംഗ് വിളിച്ചത്. ഈ ബന്ധം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ രാജിവെക്കാനും അവര്‍ ആവശ്യപ്പെട്ടു. അതിനുശേഷമുള്ള ദിവസങ്ങളില്‍ ഞാന്‍ സ്‌കൂളിലെത്തി ജോലി ചെയ്തു. എന്നാല്‍, എന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും സമ്മര്‍ദമുണ്ടായിരുന്നു, പര്‍വീണ്‍ പറഞ്ഞു.മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത് വരെ വെബ്‌പോര്‍ട്ടലില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വെബ്പോർട്ടൽ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

സോമയ്യ സ്‌കൂളിലെ ജീവനക്കാര്‍ രാഷ്ട്രീയ പരാമര്‍ശം നടത്തുന്നതിന് ഔപചാരികമായ പ്രോട്ടോക്കോളോ ഔദ്യോഗിക നയമോ ഇല്ലെന്നും ജീവനക്കാര്‍ക്ക് അവരുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടികളില്‍ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ അനുവാദമുണ്ടെന്നും മാര്‍ച്ചില്‍ നടന്ന മീറ്റിംഗില്‍ വ്യക്തമാക്കിയിരുന്നതായും അവര്‍ കൂട്ടിച്ചേർത്തു.ഞാന്‍ ജീവിക്കുന്നത് ജനാധിപത്യ ഇന്ത്യയിലാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നുവെന്നും പര്‍വീണ്‍ ഷെയ്ഖ് പറഞ്ഞു.