കൊച്ചി : കരഞ്ഞാൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഫ്ലാറ്റിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞെന്ന് അമ്മയുടെ മൊഴി.കുഞ്ഞിന്റെ അമ്മയായ അവിവാഹിതയായ യുവതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ അഞ്ചാം നിലയിലുള്ള ഫ്ളാറ്റിൽ നിന്നാണ് പിറന്നു മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്.
വെള്ളിയാഴ്ച പുലർച്ചെ ഫ്ളാറ്റിലെ ശുചിമുറിയിൽ വെച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. ഇതേ ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കൾ ഗർഭധാരണവും പ്രസവവും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എട്ടു മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായ യുവതി കയ്യിൽ കിട്ടിയ കവറിൽ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്കിടുകയായിരുന്നു. ഭയത്താൽ ജീവനൊടുക്കാൻ തുനിഞ്ഞെന്നും യുവതി മൊഴി നൽകി.
നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് നവജാത ശിശുവിൻ്റെ മൃതദേഹം പാർസൽ കവറിൽ പൊതിഞ്ഞ നിലയിൽ തെരുവിൽ കണ്ടെത്തിയത്.നവജാതശിശുവിൻ്റെ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ സാരമായ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റും.
ഐപിസി 302 വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തി പ്രത്യേക കേസ് രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ.യുവതി എങ്ങനെ ഗർഭം ധരിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.സംഭവത്തിൽ ബലാത്സംഗത്തിന് സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും കേസെടുത്തിട്ടില്ല.