ന്യൂഡൽഹി : ജിടിആർഐയുടെ കണക്കുകൾ പ്രകാരം അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയർന്നു. 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മിൽ നടന്നത്. 2021-22, 2022-23 വർഷങ്ങളില്‍ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം ഉയർന്ന് 16.67 ബില്യൺ ഡോളറിലെത്തി.ഇതിൽ ഇരുമ്പയിര്, പരുത്തി നൂല്, തുണിത്തരങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങൾ, പച്ചക്കറികള്‍, പ്ലാസ്റ്റിക്, ലിനോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.ചൈനയിൽ നിന്നുള്ള ഇറക്കുമതിയും 3.24 ശതമാനം വർധിച്ച് 101.7 ബില്യൺ ഡോളറിലെത്തി.
വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ 2017- 18 വരെയും 2020- 21 ലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 83.6 ബില്യൺ ഡോളറുമായി യുഎഇയാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. 2019 സാമ്പത്തിക വർഷത്തിലെ 53.57 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 85.09 ബില്യൺ ഡോളറായി ഉയരുകയും കയറ്റുമതി സ്തംഭനാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടായിട്ടും ഇറക്കുമതിയിൽ വർധനവുണ്ടാവുകയും ചെയ്തു എന്നും ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ പറഞ്ഞു.