ടെഹ്‌റാൻ :വളരെ നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇറാൻ, പ്രസിഡണ്ട് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യമന്ത്രി ഹൊസ്സൈൻ ആമിർ അബ്ദൊള്ളാഹിയാനിന്റെയും ഹെലികോപ്റ്റർ അപകട മരണത്തിലുള്ള ആഘാതത്തിലാണ്.പ്രസിഡണ്ട് ഇബ്രാഹിം റൈസിയ്‌ക്കൊപ്പം വിദേശകാര്യമന്ത്രി ഹൊസ്സൈൻ ആമിർ അബ്ദൊള്ളാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മലേക് റഹ്മാതി എന്നിവര്‍ക്കൊപ്പം, ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനിയുടെ ഈസ്റ്റ് അസർബൈജാൻ പ്രതിനിധിയുമായ മുഹമ്മദ് അലി അൽ ഹാഷിമും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.
അസർബൈജാൻ മേഖലയില്‍ ഒരു അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് തിരിക്കുകയായിരുന്നു പ്രസിഡണ്ടും വിദേശകാര്യമന്ത്രിയും സംഘവും. മൊത്തം 9 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല.ഇറാൻ നഗരമായ തബ്രിസിലേക്കുള്ള യാത്രയിലായിരുന്നു കോപ്റ്റർ. അസർബൈജാനുമായി ഇറാൻ അതിർത്തി പങ്കിടുന്ന പ്രദേശമായ ജോൾഫാ മേഖലയിലെ ഡിസ്മാർ പ്രൊട്ടക്ടഡ് ഏരിയ എന്നറിയപ്പെടുന്ന ഒരു വനമേഖലയിലാണ് കോപ്റ്റർ വീണതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് കുറെക്കൂടി കിഴക്ക് മാറി ഉസി ഗ്രാമത്തിനടുത്താണ് കോപ്റ്റർ വീണതെന്ന് തിരിച്ചറിഞ്ഞു.
എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. മൂടൽമഞ്ഞിൽ വൃക്ഷനിബിഡമായ ഒരു കുന്നിനുമുകളില്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരങ്ങളടക്കം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത നിലയിലാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.ഇസ്രായേലിന്റെ മൊസ്സാദാണോ ഈ കൃത്യം ചെയ്തത് എന്നതിൽ ഇതുവരെയും യാതൊരു തെളിവും അവതരിപ്പിക്കപ്പെട്ടിട്ടില്ല.ഇസ്രായേലിന്റെ ഇടപെടലുണ്ടെങ്കിൽ വരുംനാളുകളിൽ ഇക്കാര്യത്തിൽ വ്യക്തത വന്നേക്കും.
ചൈന, തുർക്കി, റഷ്യ, ഇന്ത്യ എന്നിവയാണ് ഇറാൻ പ്രസിഡണ്ടിന്റെയും മറ്റ് പ്രമുഖരുടെയും മരണത്തിൽ ഉടനെ അനുശോചനം അറിയിച്ചത്. യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.