തിരുവനന്തപുരം : ബാർ കോഴ അഴിമതി പുറത്തു വന്നതിന് പിന്നാലെ ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന എക്‌സൈസ് ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ബാര്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് കെഎം മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബാര്‍ ഉടമകള്‍ക്കു വേണ്ടി അദ്ദേഹം ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്നും വിഡി സതീശൻ.
“കഴിഞ്ഞ രണ്ടു മാസമായി മദ്യനയം സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞമാസം ആദ്യം ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത പ്രതിമാസ യോഗത്തില്‍ മദ്യനയത്തിലെ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 21-ന് ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തു.സൂം വഴി നടത്തിയ ആ യോഗത്തിന്റെ ലിങ്ക് തന്റെ കൈവശമുണ്ട്.ഡ്രൈഡേയെ കുറിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്.
അതിന്റെ തുടര്‍ച്ചയായാണ് എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിയത്. ഒരു കൂടിയാലോചനയും നടന്നില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണ്.അബ്ക്കാരി നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ ടൂറിസം വകുപ്പിന് എന്ത് കാര്യമാണുള്ളത് ?ടൂറിസം വകുപ്പ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് എക്‌സൈസ് ടൂറിസം മന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടത്. എന്തിനാണ് ടൂറിസം വകുപ്പ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. എക്‌സൈസ് വകുപ്പില്‍ ടൂറിസം മന്ത്രി കൈകടത്തിയെന്ന ആക്ഷേപം ഉണ്ടോയെന്ന് എം.ബി രാജേഷാണ് വ്യക്തമാക്കേണ്ടത്.
ടൂറിസം വകുപ്പ് ഇടപെട്ടെന്ന ആരോപണം തെളിവുകളോടെയാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബാര്‍ കോഴയില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളും കോണ്‍ഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും യു.ഡി.എഫും സമരം നടത്തും. വിഷയം നിയമസഭയിലും ഉന്നയിക്കും.വിഷയം സബ്ജക്ട് കമ്മിറ്റിയില്‍ വന്നപ്പോഴും യു.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.2016ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മദ്യവര്‍ജ്ജന സമിതിക്കാരെയും മദ്യ നിരോധനക്കാരെയും കൂട്ടി മദ്യം വ്യാപകമാക്കുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
അന്ന് 29 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ അനുവദിച്ചതിനെ എതിര്‍ത്തുകൊണ്ടാണ് പിണറായി വിജയന്‍ സംസാരിച്ചത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞ ആള്‍ വന്നപ്പോഴാണ് എല്ലാം ശരിയായത്. വ്യാപകമായി ബാറുകള്‍ അനുവദിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യമാണ്.” വിഡി സതീശൻ പറഞ്ഞു