സഹപാഠിയുടെ നഗ്നചിത്രം നിർമ്മിക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നു പരാതി

ബെംഗളൂരു: വിദ്യാർത്ഥിനിയായ മകളുടെ നഗ്നചിത്രങ്ങൾ എഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സഹപാഠികൾക്കെതിരെ പരാതിയുമായി പിതാവ്.ബെംഗളൂരുവിലെ ഒരു പ്രമുഖ സിബിഎസ്ഇ സ്കൂളിലാണ് സംഭവം.മകളുടെയും അവളുടെ സഹപാഠിയുടെയും നഗ്നചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്നും നടപടി വേണമെന്നുമാണ് പിതാവിന്റെ ആവശ്യം.

നഗ്നചിത്രം നിർമ്മിച്ച് പെൺകുട്ടി ഇല്ലാത്ത ഇൻസ്റ്റഗ്രാമിലെ ഒരു ഗ്രൂപ്പ് ചാറ്റിൽ ഇടുകയും പോസ്റ്റ് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുമായിരുന്നു.മറ്റ് വിദ്യാർത്ഥികൾ പറഞ്ഞാണ് പെൺകുട്ടി ഇക്കാര്യം അറിഞ്ഞത്.രണ്ട് ചിത്രങ്ങൾ മാത്രമാണ് പെൺകുട്ടി ഇൻസ്റ്റയിൽ ഇതുവരെ ഇട്ടിട്ടുള്ളത്. ഇവയിലൊരെണ്ണമാണ് ദുരുപയോഗം ചെയ്യപ്പെട്ടത്.തന്റെ ഫ്രണ്ടായ മറ്റാരോ ആണ് കുറ്റകൃത്യം ചെയ്തവർക്ക് ഫോട്ടോ എടുത്തു നൽകിയതെന്ന് സംശയിക്കുന്നു.

സ്കൂളിന്റെ അച്ചടക്കപ്രശ്നമായാണ് ഇത് കണക്കാക്കുന്നതെന്നും ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും പെൺകുട്ടിയുടെ പിതാവ് സൈബർ സെല്ലിൽ പരാതി നൽകിയത് ശരിയായ നടപടിയാണെന്നും സ്കൂളിന്റെ പ്രിൻസിപ്പൽ പറഞ്ഞു.