തിരുവനന്തപുരം : സാമ്പത്തികവര്ഷത്തിന്റെ അവസാനപാദത്തിൽ 41% വളർച്ചയെന്ന മികച്ച നേട്ടവുമായി ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ ടെക്ക് കമ്പനിയായ ഈസ്മൈട്രിപ്പ്. നാലാം പാദത്തിൽ നിന്നുമാത്രം 164 കോടിരൂപയുടെ പ്രവർത്തനവരുമാനമാണ് കമ്പനി നേടിയത്. നികുതി, പലിശ, ബാദ്ധ്യതകൾ, മൂല്യതകർച്ച എന്നിവ കൂടാതെയുള്ള മൊത്തവരുമാനം (ഇ.ബി.ഐ.ടി.ഡി.എ) 24% വർധിച്ച് 57.7 കോടിയിലെത്തി. അതിൽ നികുതിയിതര വരുമാനം 55.1 കോടിരൂപയാണ്. മുൻവർഷത്തേക്കാൾ 24% ന്റെ വർധനയാണിത്.
ഹോട്ടൽ റൂമുകൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ ബുക്കിങ്ങിലൂടെ മാത്രം (ജിബിആർ) 2090 കോടി രൂപയാണ് ഇക്കാലയളവിൽ കമ്പനി ശേഖരിച്ചത്. വിമാനടിക്കറ്റ് ബുക്കിങ്ങിന് പുറമെയുള്ള സേവനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈസ്മൈട്രിപ്പിലൂടെ ബുക്ക് ചെയ്ത ഹോട്ടൽ റൂമുകളുടെ എണ്ണം 39% ഉയർന്ന് 1.4 ലക്ഷമെത്തി. മറ്റ് സേവനങ്ങളുടെ ബുക്കിങ് 53% വർധിച്ച് 2.7 ലക്ഷമായി.ഈ സാമ്പത്തിക വർഷം ഇതുവരെ രാത്രിതാമസത്തിനുള്ള ഹോട്ടൽ ബുക്കിങ്ങുകളുടെ എണ്ണം 5.2 ലക്ഷത്തിലേക്കും മറ്റ് ബുക്കിങ്ങുകളുടെ എണ്ണം 10.4 ലക്ഷത്തിലേക്കും കുതിച്ചുയർന്നു.
2024ലെ കമ്പനിയുടെ പ്രവർത്തനവരുമാനം 590.6 കോടിയാണ്. പോയവർഷത്തേക്കാൾ 32% ന്റെ വളർച്ചയാണിത്. ഇക്കാലയളവിലെ ബാധ്യതകൾ ഒഴിച്ചുള്ള എബിറ്റ്ഡ വരുമാനം 228.2 കോടി രൂപയായിരുന്നു (19% വളർച്ച). നികുതിയിതര ലാഭം 16% വളർച്ച കൈവരിച്ച് 215.1 കോടിയിലെത്തി. 2024 സാമ്പത്തിക വർഷത്തെ ആകെ ബുക്കിങ് വരുമാനം 8512.6 കോടി രൂപയാണ്. നവസാങ്കേതിക കമ്പനികളുടെ പട്ടികയിലെ ഏറ്റവും മിന്നുന്ന പ്രകടനമാണ് ഈസ്മൈട്രിപ്പ് തുടരുന്നത്.
റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി കൈകോർത്ത് അയോദ്ധ്യ നഗരത്തിൽ 150 റൂമുകളുള്ള ഹോട്ടൽ സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിന് അരികിലായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2027ൽ ഹോട്ടൽ പ്രവർത്തനമാരംഭിക്കും. ഇന്ത്യയിലെ 7.9 ലക്ഷം കോടി മൂല്യമുള്ള ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലേക്കും കമ്പനി ചുവടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരുമായി സഹകരിച്ചുള്ള പദ്ധതികൾക്കും കമ്പനി തുടക്കമിട്ടിട്ടുണ്ട്.