ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി കെ സക്സേന. കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ സായുധസേന ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതാണെന്നും ഇന്ത്യയിൽനിന്നും കശ്മീരിന്റെ മോചനം സാധ്യമാകാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തുവെന്നുമാണ് അരുന്ധതി റോയിക്കെതിരെയുള്ള കേസ്.
കശ്മീരിൽ നിന്നുള്ള സാമൂഹികപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യണമെന്ന് 2010 നവംബറിൽ ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്നാണ് പരാതി.
അരുന്ധതി റോയിക്കു പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രൊഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യുഎപിഎ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ വി കെ സക്‌സേന അനുമതി നൽകി.ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ പ്രൊഫ. സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും, ഇവർ നേരത്തേ മരണപ്പെട്ടിരുന്നു.