ബെംഗളൂരു: പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയതിനു പിന്നാലെ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചു തിങ്കളാഴ്ച സിഐഡിക്ക് മുന്നിൽ ഹാജരാകും. താൻ ഡൽഹിയിലായതിനാൽ ജൂൺ 17ന് മാത്രമേ ഹാജരാകാൻ കഴിയൂ എന്ന് അദ്ദേഹം സിഐഡിയുടെ നോട്ടീസിന് നേരത്തെ മറുപടി നൽകിയിരുന്നു.
മാർച്ച് 14നു രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസിൽ ബെംഗളൂരുവിലെ ഒരു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.ജാമ്യമില്ലാ അറസ്റ്റ് വാറന്റിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയ യെദ്യൂരപ്പയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ജൂൺ 11നു നോട്ടീസ് നൽകിയിരുന്നു.ഇതിനു പിന്നാലെ അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു.
17കാരിയെ പീഡിപ്പിച്ചു എന്നതാണ് യെദ്യൂരപ്പയ്ക്കെതിരായ കേസ്. സഹായം ചോദിച്ചെത്തിയ മകളെ യെദ്യൂരപ്പ പീഡിപ്പിച്ചു എന്ന് അമ്മ നൽകിയ പരാതിയിലാണ് കേസ്.ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യെദ്യൂരപ്പ പറയുന്നു.യെദ്യൂരപ്പ മുൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ഒളിച്ചോടുമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി പറഞ്ഞു.