അതിതീവ്ര മഴ,ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കും ,ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം.ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് ശക്തിപ്രാപിക്കും. കൂടാതെ ഒഡിഷക്കും ഛത്തിസ്‌ഗഡിന്റെ സമീപപ്രദേശങ്ങളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. മറ്റൊരു ചക്രവാതച്ചുഴി മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ വടക്കു-കിഴക്കു ഭാഗത്തായി സ്ഥിതിചെയുന്നു. ഇതിന്റെ സ്വാധീനമായാണ് മഴ വീണ്ടും കനക്കുന്നത്.

ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.