ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി.ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് കാര്യങ്ങളിലും തങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന വസ്തുതയെക്കുറിച്ച് ചില ഭർത്താക്കന്മാർ ബോധവാന്മാരല്ലെന്നും ഇന്ത്യൻ പുരുഷന്മാർ ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജസ്റ്റിസ് ബിവി നാഗരത്ന പറഞ്ഞു. ഒരു മുസ്ലിം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് മുസ്ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണം) 2019നെ ആശ്രയിക്കാമെന്നും സെക്ഷൻ 125 സിആർപിസി വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും ബാധകമാകുമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ല, വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും മതം നോക്കാതെ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ജീവനാംശം തേടുന്നതിനുള്ള നിയമം ബാധകമാണെന്നും സുപ്രീംകോടതിയുടെ നിർണായക വിധിയിൽ പറയുന്നു.