നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ അന്തരിച്ചു

ബെംഗളുരു : നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ അന്തരിച്ചു. 57 വയസ്സായിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി ശ്വാസകോശ അർബുദവുമായി മല്ലിടുകയായിരുന്നു അപർണ.ബെംഗളൂരുവിലെ ബൻശങ്കരി എന്ന വീട്ടിൽ വ്യാഴാഴ്ച വൈകീട്ടാണ് അന്ത്യം സംഭവിച്ചത്.ബെംഗളുരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക്, 2014 മുതൽ കന്നഡ അനൗൺസർ എന്ന നിലയിൽ പരിചിതമായ ശബ്ദമായിരുന്നു അപർണയുടേത്.

എഐആർ എഫ്.എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. അംബരീഷ് നായകനും ജയന്തി നായികയുമായി അഭിനയിച്ച മസനദ ഹൂവു എന്ന ചിത്രത്തിലൂടെ 1984ലാണ് അപർണയുടെ സിനിമാ പ്രവേശം.സംഗ്രമ, നമ്മൂര രാജ, സാഹസ വീര, മാതൃവാത്സല്യ, ഒളവിന അസരെ, ഇൻസ്‌പെക്ടർ വിക്രം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.2013ൽ കന്നഡ ബിഗ് ബോസിൽ ഇവർ പങ്കെടുക്കുകയുണ്ടായി.90കളിൽ ഡിഡി ചന്ദനയിലൂടെ അപർണ ടെലിവിഷൻ അവതാരകയായി. ശ്രദ്ധേയമായ നിരവധി പരിപാടികൾ ഇവർ അവതരിപ്പിച്ചു. രണ്ടായിരാമാണ്ട് വരെ ടെലിവിഷൻ അവതാരകയെന്ന നിലയിൽ നിറഞ്ഞു നിന്നു.

1993ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു. നമ്മ മെട്രോ ട്രെയിനുകളിലെ വിവിധ അറിയിപ്പുകൾക്ക് ശബ്ദം നൽകിയത് അപർണയായിരുന്നു.2003ൽ മൂഡല മനെ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെത്തിയ അപർണ 2024 വരെയും സജീവമായി നിന്നു.എഴുത്തുകാരനായ നാഗരാജ് വസ്താരെയാണ് അപർണയുടെ ഭർത്താവ്. അപർണ വസ്താരെയും എഴുത്തുകാരിയായിരുന്നു. ഒരു കന്നഡ പത്രത്തിൽ അപർണ കോളം കൈകാര്യം ചെയ്തിരുന്നു.