കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകർ രാജിവച്ചത് ഗവർണർ ആവശ്യപ്പെട്ടിട്ടാണെന്ന് റിപ്പോർട്ട്. ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിംഗ് കോൺസലുമാണ് രാജിവെച്ചത്. ഇരുവരും രാജിക്കത്ത് ഗവർണർക്ക് അയക്കുകയായിരുന്നു. ഗവര്‍ണറുടെ ഹൈക്കോടതിയിലെ ലീഗല്‍ അഡ്വയ്സര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനങ്ങളിലുണ്ടായിരുന്ന അഡ്വ. കെ ജാജു ബാബുവും അഡ്വ. എംയു വിജയലക്ഷ്മിയുമാണ് രാജിവച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജാജു ബാബു.
2009 മുതല്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ജാജു ബാബുവായിരുന്നു. സര്‍വകലാശാല വിഷയത്തില്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് രാജി. വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നലെ ചാന്‍സലറുടെ തുടര്‍നടപടികള്‍ തടഞ്ഞിരുന്നു.
ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലുമുള്‍പ്പടെ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഹൈക്കോടതിയിൽ വാദം നടത്തിയത് ഇരുവരുമായിരുന്നു. അതേസമയം, ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഹൈക്കോടതിയിൽ പുതിയ അഭിഭാഷകനെ നിയമിച്ചു. അഡ്വ.എസ്.ഗോപകുമാരൻ നായർ ആണ് പുതിയ സ്റ്റാൻഡിംഗ് കോൺസൽ. ഹൈക്കോടതി , സുപ്രീംകോടതി എന്നിവിടങ്ങളിലെ മുതിർന്ന അഭിഭാഷകനാണ്.