ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം : രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. രാഹുൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം പേരൂർക്കടയിൽ ആണ് സംഭവം. മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മർദ്ദനത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദ്ദിക്കുകയായിരുന്നുവെന്നാണ് മർദ്ദനമേറ്റവർ പറയുന്നത്.
അതേസമയം, വിശദമായ മൊഴിയെടുത്ത ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു. അതിനിടെ വീട്ടിൽക്കയറിയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.